2009, ഒക്‌ടോബർ 4, ഞായറാഴ്‌ച

പച്ച കശുവണ്ടിയും പിന്നെ ഞാനും ...

മുറ്റം നിറയെ കരിം പാറകള്‍ അതിന് പിന്നില്‍ തെക്കു വടക്കു നീളത്തില്‍ നീണ്ടു കിടക്കുന്നതാണ്‌ ഞാന്‍ പഠിച്ച എല്‍ .പി .സ്കൂള്‍ .അടുത്ത് ഒരു ചിറ ഉള്ളത് കൊണ്ട് ചിറയില്‍ സ്കൂള്‍ എന്നും ....എന്‍റെ ഗ്രാമത്തിന്‍റെ വടക്കു വശത്തായി സ്ഥിതി ചെയ്യുന്നതിനാല്‍ ''വടക്കേ സ്കൂള്‍ എന്നും വിളിപ്പേരുള്ള (തെക്ക്‌ മറ്റൊരു സ്കൂള്‍ കൂടി ഉണ്ട്) ഈ സരസ്വതീ നിലയത്തിലാണ് എന്‍റെ വിദ്യാഭ്യാസത്തിന്റെ ഹരിശ്രീ കുറിച്ചത് .വയല്‍ കടന്നു ചിറയുടെ കരയിലൂടെ ഇങ്ങനെ നടന്നു ചെല്ലുമ്പോള്‍ ഇരു വശങ്ങളിലേക്കും തല കുമ്പിട്ടു നില്ക്കുന്ന കശുഅണ്ടി മരങ്ങള്‍ കാണാം ...അത് കഴിഞ്ഞു കഷ്ടിച്ച് ഒരു നൂറു മീറ്റര്‍ ദൂരം ഉണ്ട് സ്കൂളിന് .കശുവണ്ടി സീസന്‍ ആയാല്‍ ഈ മരങ്ങള്‍ കശുവണ്ടിയുടെ ഭാരത്താല്‍ ഒന്നു കൂടി റോഡിലേക്ക്‌ കുമ്പിടും .ഈ കണ്ട കശുവണ്ടി മരങ്ങളുടെ എല്ലാം ഉടമ തൊട്ടടുത്ത് തന്നെ ആണ് താമസ്സം .ആളെ കണ്ടാല്‍ ആരും ഒന്നു വിറക്കും ...നല്ല ഉയരവും അതിനൊത്ത തടിയും പിന്നെ കൊമ്പന്‍ മീശയും ഒക്കെ ആയി ആശാന്‍ ബുല്ലെറ്റില്‍കറങ്ങുന്നത് കാണാന്‍ ഒരു കല തന്നെ ആണേ .... കശുവണ്ടി കണ്ടാല്‍ അത് പറിക്കാതെ കടന്നു പോകാന്‍ തോന്നില്ല ....എന്നെ പറിച്ചോ ..എന്ന മട്ടിനു പോകുന്ന ആളുകളുടെ തലയില്‍ തട്ടും വണ്ണം ഇങ്ങനെ നില്‍ക്കുവാ അതുങ്ങള്‍ .....അന്ന് ഞാന്‍ മൂന്നാം ക്ലാസ്സ്‌ കാരനാ(കൈയ്യില്‍ ഇരുപ്പ്‌ പത്താം ക്ലാസ്സ്‌ കാരന്‍റെ ആയിരുന്നേ )വല്യമ്മേടെ മോന്‍റെഒപ്പം ആണ് സ്കൂളില്‍ പോകാറ് (അവന്‍ നാലാം ക്ലാസ്സ്‌ )കൂടെ കുറെ കൂട്ടുകാരും ഉണ്ടാവും ...പച്ച കശുവണ്ടി അതിന്‍റെ കണ്ണിനിട്ടു കുത്തി പരിപ്പ്‌ പുറത്തെടുക്കുന്ന വിദ്യ എന്‍റെ ചേട്ടനും കൂട്ടുകാര്‍ക്കും അറിയാമായിരുന്നു .അവന്‍മാര്‍ അണ്ടിപരിപ്പ്‌ പുറത്തെടുത്ത്‌ തിന്നും .കൊതി നോക്കി നില്ക്കുന്ന എനിക്ക് ചിലപ്പോള്‍ ഒന്നോ രണ്ടോ പൊട്ടിയ കഷ്ണങ്ങള്‍ കിട്ടിയാലായി ...അതും അവന്മാര്‍ക്ക് ദയ തോന്നിയാല്‍ ...ഇതെല്ലം കണ്ടു എന്‍റെ മനസ്സിലെ വീരന്‍ സടകുടന്ജ് എഴുനേറ്റു ..അങ്ങനെ വിട്ടാല്‍ ശരിയാകില്ലല്ലോ ഈ വിദ്യ പഠിച്ചിട്ടു തന്നെ കാര്യം ...രാവിലെ സ്കൂളില്‍ പോകുന്ന വഴിക്കെല്ലാം ഈ ചിന്ത എന്നെ ചൂഴ്ന്നു നിന്നു ....ഇതാ എത്തിപ്പോയ്‌ ....ദൂരെ വച്ചു തന്നെ കശുവണ്ടികള്‍ ഇങ്ങനെ മാടി വിളിക്കുകയാണ്‌ .ചേട്ടനും കൂട്ടുകാരും കശുവണ്ടി പറിച്ചെടുത്തു.കൂട്ടത്തില്‍ ഞാനും പറിച്ചു മുഴുത്ത ഒരെണ്ണം .പിന്നെ അവന്‍മാര്‍ ചെയ്യുമ്പോലെ രണ്ടു ചെറിയ കമ്പ്‌ എടുത്ത് കുത്താന്‍ ആരംഭിച്ചു ...അവന്‍മാര്‍ രണ്ടും മൂന്നും എണ്ണം കുത്തി തിന്നു തീര്‍ന്നിട്ടും എനിക്ക് ഒരെണ്ണം പോലും ശരിയായി കുത്തി തീര്‍ക്കാന്‍ പറ്റിയില്ല .എന്നും പൊട്ടും പൊടിയും കിട്ടുമായിരുന്ന എനിക്ക് ,സ്വതന്ത്രമായി ചെയ്യാന്‍ പോയത് കൊണ്ട് അതും നഷ്ടപ്പെട്ടു ...കൊതിയും ,ദേഷ്യവും സങ്കടവും ഒക്കെ ഒരുമിച്ച് വന്നു .ദേഷ്യം പിടിച്ച ഞാന്‍ കമ്പ്‌ കളഞ്ഞു റോഡ്‌ അരികില്‍ കിടന്ന വലിയ മെറ്റല്‍ എടുത്ത് കശുവണ്ടി ഇടിച്ചു പൊളിക്കാനായി അടുത്ത ശ്രമം .ഇതു തുടരുന്നതിനിടയില്‍ സ്കൂളില്‍ മണി അടി മുഴങ്ങി .എല്ലാവരും എഴുനേറ്റു സ്കൂളിലേക്ക്‌ ഓടി ,കൂടെ ഞാനും ഒപ്പം ഇടിച്ച് പരുവമാക്കിയ പച്ചകശുവണ്ടി ഭദ്രമായി എടുത്തു നിക്കറിന്റെ പോക്കറ്റില്‍ ഇട്ടു ..ഇന്റെര്‍വെല്‍ സമയത്തു പൊളിച്ചു തിന്നാം എന്ന ശുഭാപ്തി വിശ്വാസത്തോടെ ... ക്ലാസ്സ്‌ ആരംഭിച്ചു .കുറച്ച് കഴിഞ്ഞപ്പോള്‍ തുടയില്‍ ചെറിയ ചൊറിച്ചില്‍ അനുഭവപ്പെട്ടു ..ആ ചൊറിച്ചില്‍ ക്രമേണ കൂടി വന്നു ...ചൊറിച്ചില്‍ സുഖകരമായ ഒരു അനുഭുതിയിലെക്ക് പോയി ...കൈ ഈ ചൊറിച്ചില്‍ ജോലി തുടരുന്നു എങ്കിലും മനസ്സ്‌ കശുവണ്ടി പരിപ്പിന്ടെരുചി ഓര്‍ത്ത്‌ പുളകിതമായ് ഇരിക്കുക ആയിരുന്നു .വേഗം ഇന്റെര്‍വെല്‍ ആയെങ്കില്‍ എന്ന് മാത്രം ഞാന്‍ ആഗ്രഹിച്ചു .ക്ലാസ്സ്‌ അവസാനിക്കാറായപ്പോള്‍ ആര്‍ത്തി മൂത്ത് ഞാന്‍ പതിയെ കശുവണ്ടി പുറത്തെടുത്ത്‌ അതിന്‍റെ ഭംഗി ആസ്വദിച്ച് മായിക ലോകത്ത്‌ ഇങ്ങനെ വിരാചിക്കുംപോള്‍ ഒരു അലര്‍ച്ച "എന്താടാ അത് ".എന്‍റെ അമ്മേ ....ദഹിപ്പിക്കുന്ന നോട്ടവും ആയ്‌ നളിനി സാര്‍ മുന്‍പില്‍ .കശുവണ്ടി വാങ്ങി ജനനില്‍ കൂടി പുറത്തേക്ക് ഒരേറു.കൂടെ ദേഷ്യം കലര്‍ന്ന കുറെ ഉപദേശ ശരങ്ങളും ...കശുവണ്ടി നഷ്ടപ്പെട്ടതിന്‍റെ വേദന എന്നെ വല്ലാതെ നീറ്റി...അപ്പോളും തുടയിലെ ചൊറിച്ചില്‍ നിര്‍ബാതം തുടര്‍ന്നു...സ്കൂള്‍ സമയത്ത് എല്ലാം ചൊറിയോട്‌ ചൊറി ...വല്യമ്മയുടെ വീട്ടില്‍ എത്തിയിട്ടും ചൊറി അവസാനിച്ചില്ല ....ഇതു കണ്ട ചേച്ചി ചോദിച്ചു "എന്താടാ ".ഒന്നുമില്ല എന്ന മട്ടില്‍ ചുമല്‍ രണ്ടും മേലോട്ട് അനക്കി ഞാന്‍ "സ്ടും " എന്ന ശബ്ദം പുറപ്പെടുവിച്ചു .അവളുടെ കണ്ണില്‍ പെടാതെ മാറി നിന്നു വീണ്ടും ചൊറി ആരംഭിച്ചു .എന്തോ പന്തികേട്‌ തോന്നിയ ചേച്ചി ...പിറകെ വന്നു എന്നെ ചോദ്യം ചെയ്തു .അവസാനം അവള്‍ നിക്കര്‍ പൊക്കി നോക്കിയപ്പോള്‍ തുടയില്‍ ദേ..ഇന്ത്യയുടെ ഭൂപടം ....ചുമന്നു തുടുത്ത്‌ അങ്ങനെ കിടക്കുന്നു ....ഞാനും അപ്പോഴാണ് അത് ശ്രദ്ധിച്ചത് .....വാര്‍ത്ത കാട്ടു തീ പോലെ വീട്ടില്‍ പടര്‍ന്നു...വല്യമ്മയും ,വല്യചെച്ചിയും,അണ്ണനും എല്ലാം ....പിന്നെ അവര്‍ കാരണം കണ്ടെത്താന്‍ മത്സരിച്ചു ...ആട്ടു പുഴു ....ചിലന്തി ...അങ്ങനെ പോയി കാരണങ്ങള്‍ ...പിന്നെ വല്യേച്ചി കമ്പോണ്ടെര്‍ ആയി തുളസി ഇല അരച്ച് "ഭൂപടത്തില്‍ " ഇട്ടു .അല്പം ആശ്വാസം കിട്ടിയ ...ഞാന്‍ നേരെ വീടിലേക്ക്‌ വച്ചു പിടിച്ചു .... അവിടെ എത്തിയപ്പോള്‍ ചൊറിച്ചില്‍ പൂര്‍വ്വാതികം ഭംഗിയായി തിരികെ വന്നു ....പിന്നെ അമ്മയുടെ വക പരിശോധന തുടങ്ങി ....എന്നിട്ട് ചോദിച്ചു കണ്ട കുറ്റിക്കാട്ടില്‍ ഒക്കെ കേറിയത്‌ എന്തിനാ എന്ന് ...പെട്ടെന്ന് അമ്മക്ക്‌ കൈയ്യില്‍ ഇരുന്ന എന്‍റെ നിക്കറില്‍ നിന്നു പച്ചകശുവണ്ടി മണം അനുഭവപ്പെട്ടു ....പിന്നെ വിശദമായ പരിശോധനയില്‍ ...പച്ചകശുവണ്ടിയുടെ ഒരു കഷ്ണവും ...എന്‍റെ നിക്കറിന്റെ പോക്കെറ്റില്‍ പടര്‍ന്ന കറയും..കണ്ടെത്താന്‍ കഴിഞ്ഞു .....പിന്നെ ചോദ്യ ശരങ്ങള്‍ അമ്മയില്‍ നിന്നു .."എങ്ങനെ ...എവിടെ നിന്നു ഈ കശുവണ്ടി എന്‍റെ പോക്കെറ്റില്‍ കേറി .....ഞാന്‍ നടന്ന സംഭവം വിവരിച്ചു .....എന്‍റെ തുട അവശന്‍ ആയതു കൊണ്ടും .....മുറ്റത്തു നില്ക്കുന്ന കയ്പ്പന്‍ നെല്ലിയുടെ കൊമ്പിന് ആയുസ് ഉള്ളത് കൊണ്ടും അടി കൊള്ളാതെ രക്ഷപെട്ടു ....പിന്നെ ആശുപത്രിയില്‍ പോയി മരുന്ന് പുരട്ടി ...മൂന്നു ദിവസം സ്കൂളില്‍ പോകാതെ കഴിച്ചു കൂട്ടി ..അതിന് ശേഷം "പച്ച " പോയിട്ട് ...ഉണക്ക കശുവണ്ടി കണ്ടാലും ഞാന്‍ എടുക്കില്ലായിരുന്നു ....അഥവാ എടുത്താലും പോക്കെറ്റിന്റെ നാലയലത്ത്‌ അതിനെ അടുപ്പിക്കില്ലായിരുന്നു ......

10 അഭിപ്രായങ്ങൾ:

സ്വതന്ത്രന്‍ പറഞ്ഞു...

തലക്കിട്ടു എന്റെ വക തേങ്ങ ഒന്ന്

Deepu പറഞ്ഞു...

ദൈവമേ, കശുവണ്ടി, അതും പച്ച, അതും നിക്കറിന്റെ പോക്കറ്റില്‍.. :)))

ഓ.ടോ: ഭൂതക്കുളത്തു(പരവൂര്‍)കാരനാണല്ലേ..

ഭൂതത്താന്‍ പറഞ്ഞു...

സ്വതന്ത്രന്‍ :എന്‍റെ തല പിളര്‍ന്നു കേട്ടോ മാഷേ ...നന്ദി
കുമാരന്‍ | kumaran :നന്ദി കുമാരേട്ടാ .......
Deepu :അതെ ....ഭൂതകുളത്തുകാരന്‍ തന്നെ ആണ് ...മാഷേ ......

ശ്രീ പറഞ്ഞു...

ബെസ്റ്റ്! അത്രയ്ക്ക് പറ്റിയിട്ടില്ലെങ്കിലും കയ്യും മുഖവുമെല്ലാം പൊള്ളിച്ചിട്ടുണ്ട്.

എഴുത്ത് കൊള്ളാം.

Areekkodan | അരീക്കോടന്‍ പറഞ്ഞു...

ഇന്ത്യന്‍ ഭൂപടം പിന്നെ വരച്ചില്ല അല്ലേ?

nalini പറഞ്ഞു...

എന്റെ ചേട്ടനും ഈ അബദ്ധം പറ്റിയിട്ടുണ്ട്..നന്നായി എഴുതിയിരിക്കുന്നു..!!

ഭൂതത്താന്‍ പറഞ്ഞു...

ശ്രീ :നന്ദി ....പിന്നെ മുഖവും കയ്യും പൊള്ളിച്ചതിന്....ഒരു ചെറിയ വെടി ...ഒന്നു
അരീക്കോടന്‍ :ഇന്ത്യന്‍ ഭൂപടം പോയിട്ട് ചെറിയ കേരള ഭൂപടം പോലും വരച്ചില്ല ....മാഷേ ...
nalini :ഇതുപോലെ അബദ്ധം പറ്റിയ ചേട്ടന് ഒരു വലിയ വെടി ....ഒന്നു ...നന്ദി

Jenshia പറഞ്ഞു...

പച്ച തൊട്ടിട്ടില്ലെങ്കിലും ചുട്ടത് കഴിച്ചിട്ടുണ്ട്...അതിന്റെ രുചി ഒന്ന് വേറെ തന്നെ...

ദീപു പറഞ്ഞു...

നന്നായി..

ഭൂതത്താന്‍ പറഞ്ഞു...

Jenshia ; ചുട്ടു തിന്നതിന് "ചുട്ട " അടി ....പച്ച കശുവണ്ടി ഒന്നു കണ്ണ് കുത്തി തിന്നു നോക്ക്‌ ...പിന്നെ പച്ചക്കെ തിന്നു ....നന്ദി ട്ടോ ...
ദീപു :ഒരു പരവൂര്‍ കാരന്‍റെ മുഖഛായ ഉണ്ടല്ലോ ...ദീപു വെ .....